Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochetten Letter

എ​ന്‍റെ ക​ഥ​പു​സ്ത​ക​ത്തി​ന്‍റെ ക​ഥ

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

ഇ​ടു​ക്കി ജി​ല്ല​യി​ലെ പ്ര​കാ​ശ് സി​റ്റി എ​ന്ന എ​ന്‍റെ കൊ​ച്ചു​ഗ്രാ​മ​ത്തി​ലെ, പ്ര​ഭാ​ത് പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്ന ഞ​ങ്ങ​ളു​ടെ വാ​യ​ന​ശാ​ല​യി​ൽ അ​പ്പ​ൻ ഞ​ങ്ങ​ൾ​ക്ക് അം​ഗ​ത്വം എ​ടു​ത്തു ത​രു​ന്ന​ത്, ഞ​ങ്ങ​ൾ നാ​ലാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ്.

അ​ന്നു​മു​ത​ൽ പു​സ്ത​ക​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രാ​യി എ​ന്നു മാ​ത്ര​മ​ല്ല, വാ​യി​ച്ചു​ക​ഴി​ഞ്ഞ​വ​യോ​ട് വ​ലി​യ സ്നേ​ഹ​വും വാ​യി​ക്കാ​നു​ള്ള പു​സ്ത​ക​ങ്ങ​ളോ​ട് വ​ലി​യ ആ​കാം​ക്ഷ​യും ഞ​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച ഒ​രു പു​സ്ത​കം എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് അ​പ്പ​ൻ ഞ​ങ്ങ​ളെ ലൈ​ബ്ര​റി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കി​യ​ത്. ഞ​ങ്ങ​ൾ, അ​തു വാ​യി​ച്ച് അ​തി​ന്‍റെ സം​ഗ്ര​ഹം വീ​ട്ടി​ൽ പ​റ​യ​ണം എ​ന്ന ധാ​ര​ണ​യു​മു​ണ്ടാ​യി​രു​ന്നു!
അ​ച്ചാ​ച്ച​ൻ എ​ന്നു ഞ​ങ്ങ​ൾ വി​ളി​ക്കു​ന്ന അ​പ്പ​ന്, ഏ​റെ​യി​ഷ്ടം യാ​ത്രാ​വി​വ​ര​ണ​ങ്ങ​ളും ചി​ന്താ​ഭാ​ര​മു​ള്ള നോ​വ​ലു​ക​ളു​മാ​യി​രു​ന്നു. അ​ച്ചാ​ച്ച​ന്‍റെ അം​ഗ​ത്വും​കൂ​ടി​ച്ചേ​ർ​ന്ന​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച നാ​ലു പു​സ്ത​ക​ങ്ങ​ൾ എ​ടു​ക്കാം എ​ന്ന ആ​ഹ്ലാ​ദ​വു​മു​ണ്ടാ​യി​രു​ന്നു.

ഞ​ങ്ങ​ൾ ബാ​ല​സാ​ഹി​ത്യ​വും ശാ​സ്ത്ര​നോ​വ​ലു​ക​ളും ക​വി​ത​ക​ളും നോ​വ​ലു​ക​ളും വാ​യി​ക്കാ​ൻ അ​പ്പ​ൻ നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചു! എ​ഴു​ത്തു​കാ​രു​ടെ പേ​രും അ​വ​ർ എ​ഴു​തി​യ മ​റ്റു കൃ​തി​ക​ളും അ​ച്ചാ​ച്ച​ൻ ചോ​ദി​ച്ചി​രു​ന്നു. ബ​ഷീ​റി​ന്‍റെ ബാ​ല്യ​കാ​ല​സ​ഖി​യും അ​ന്തീ​നാ​ട് ജോ​സി​ന്‍റെ ബാ​ബു​മോ​നും ല​ളി​താം​ബി​ക അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ മാ​ണി​ക്യ​നു​മെ​ല്ലാം വാ​യി​ച്ച് ഞ​ങ്ങ​ൾ വി​ങ്ങി, വി​തു​ന്പി​ക്ക​ര​ഞ്ഞ​ത് എ​ത്ര ദി​നാ​ന്ത​ങ്ങ​ൾ! വേ​ളൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി, തോ​മ​സ് പാ​ല തു​ട​ങ്ങി​യ​വ​രു​ടെ ഹാ​സ്യ​ഗ്ര​ന്ഥ​ങ്ങ​ൾ വാ​യി​ച്ചു ചി​രി​ച്ചു​മ​റി​ഞ്ഞ് ര​സി​ച്ച​തും എ​ല്ലാം ഇ​ന്ന​ല​ത്തെ​പ്പോ​ലെ ഓ​ർ​ക്കു​ന്നു.

എ​ന്നാ​ൽ, മു​തി​ർ​ന്ന​പ്പോ​ൾ ഞ​ങ്ങ​ൾ ഒ​രു കാ​ര്യം തി​രി​ച്ച​റി​ഞ്ഞു, ലൈ​ബ്ര​റി​യി​ൽ​നി​ന്നു ഞ​ങ്ങ​ൾ​ക്ക് ക​ഥ​പു​സ്ത​ക​ങ്ങ​ൾ എ​ടു​ത്തു ത​ന്നി​രു​ന്ന ഞ​ങ്ങ​ളു​ടെ പ്രി​യ പി​താ​വ്, ഞ​ങ്ങ​ളു​ടെ അ​ച്ചാ​ച്ച​ൻ ഒ​രു ഒ​ന്നാ​ന്ത​രം ക​ഥ​പു​സ്ത​ക​മാ​ണ് എ​ന്ന്. അ​പ്പ​ൻ എ​ടു​ത്തു​ത​രു​ന്ന ക​ഥ​പു​സ്ത​കം വാ​യി​ക്കു​ന്ന​തോ​ടൊ​പ്പം അ​പ്പ​ൻ എ​ന്ന ക​ഥ​പു​സ്ത​ക​ത്തെ​യും ഞ​ങ്ങ​ൾ വാ​യി​ക്ക​ണം എ​ന്ന്.

ബാ​ല്യ​ത്തി​ൽ അ​പ്പ​ൻ ഞ​ങ്ങ​ൾ​ക്കു ബാ​ല​സാ​ഹി​ത്യ​മാ​യി​രു​ന്നു! "മ​ല്ല​നും മാ​തേ​വ​നും', "കു​ര​ങ്ങ​നും മു​ത​ല​യും' പോ​ലു​ള്ള ര​സി​പ്പി​ക്കു​ന്ന ക​ഥ​യാ​യി​രു​ന്നു അ​പ്പ​ൻ! കൗ​മാ​ര​ത്തി​ൽ, ശ​രി​യാ​യ തീ​രു​മാ​ന​ങ്ങ​ൾ തെ​റ്റാ​തെ എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന, ഞ​ങ്ങ​ളു​ടെ കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളും ക​ള്ള​ത്ത​ര​ങ്ങ​ളു​മെ​ല്ലാം ക​ണ്ടു​പി​ടി​ക്കു​ന്ന, അ​ത്ഭു​ത​ശ​ക്തി​യു​ള്ള ഫാ​ന്‍റ​വും മാ​ൻ​ഡ്രേ​ക്കും ഡി​റ്റ​ക്ടീ​വ് മ​ഹേ​ഷും സി​ഐ​ഡി പു​ഷ്പ​രാ​ജു​മൊ​ക്കെ​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ അ​പ്പ​ൻ! ഞ​ങ്ങ​ളു​ടെ എ​ല്ലാ ത​ട്ടി​പ്പും വെ​ട്ടി​പ്പും ക​ണ്ടു​പി​ടി​ക്കു​ന്ന സൂ​പ്പ​ർ​മാ​ൻ! ഞ​ങ്ങ​ൾ മു​തി​ർ​ന്ന​പ്പോ​ൾ അ​പ്പ​ൻ ഞ​ങ്ങ​ൾ​ക്ക്, വി​ക്ട​ർ ഹ്യൂ​ഗോ​യു​ടെ "പാ​വ​ങ്ങ​ളി'​ലെ, ക​ള്ള​നോ​ട് ക്ഷ​മി​ക്കു​ന്ന ബി​ഷ​പ് ആ​യി മാ​റി. പി​ന്നെ മ​ക​ൾ​ക്കു പ​ഠി​ക്കാ​നാ​യി, സ്വ​ന്തം അ​സ്ഥി​കൂ​ടം മു​ൻ​കൂ​ട്ടി വി​ൽ​ക്കു​ന്ന ടാ​ഗോ​റി​ന്‍റെ റി​ക്ഷാ​വ​ലി​ക്കാ​ര​നാ​യി.

ഇ​ന്ന്, അ​പ്പ​നെ വാ​യി​ക്കു​ന്പോ​ൾ, അ​പ്പ​ൻ ഞ​ങ്ങ​ൾ​ക്ക്, ആ​രെ​ങ്കി​ലും എ​ഴു​തി​യ ക​ഥ​യ​ല്ല, ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്താ​ൻ ഞ​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ, ഞ​ങ്ങ​ളോ​ട് ക്ഷ​മി​ക്കാ​ൻ, ഞ​ങ്ങ​ളെ സ്നേ​ഹി​ക്കാ​ൻ, ഞ​ങ്ങ​ൾ​ക്കാ​യി സ്വ​ന്തം ശ​രീ​ര​വും ര​ക്ത​വും നി​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്രം എ​ന്നു മാ​ത്രം പ​റ​യു​ന്ന ദൈ​വ​പു​ത്ര​നാ​യ ക്രി​സ്തു​വാ​യി, ഞ​ങ്ങ​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കു​രി​ശു​ഭാ​രം ചു​മ​ന്ന് ഞ​ങ്ങ​ൾ​ക്ക് ജീ​വ​നു​ണ്ടാ​കു​വാ​ൻ സ്വ​ന്തം ജീ​വ​ന​ർ​പ്പി​ച്ച ര​ക്ഷ​കനാ​യി.

2026 ജ​നു​വ​രി 17ന് ​ഞ​ങ്ങ​ളു​ടെ അ​ച്ചാ​ച്ച​ൻ ഈ ​ലോ​ക​ത്തി​ൽ​നി​ന്നു സ്വ​ർ​ഗ​ത്തി​ലേ​ക്കു യാ​ത്ര​യാ​യി. ഇ​ന്നു​വ​രെ ഞാ​ൻ എ​ഴു​തി​യ "കൊ​ച്ചേ​ട്ട​ന്‍റെ ക​ത്ത്' എ​ല്ലാം വാ​യി​ച്ച് അ​ഭി​പ്രാ​യം പ​റ​ഞ്ഞ അ​ച്ചാ​ച്ച​ൻ,എ​നി​ക്ക് അ​ക്ഷ​ര​ത്തെ​റ്റി​ല്ലാ​ത്ത പു​സ്തക​മാ​ണ്. അ​പ്പ​ൻ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ ജീ​വി​ത​ഗ​ന്ധം എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ സു​ഗ​ന്ധ​മാണ്.

പ്രി​യ കൂ​ട്ടു​കാ​രേ, ന​മ്മു​ടെ മാ​താ​പി​താ​ക്ക​ളെ വാ​യി​ക്കാ​നു​ള്ള വ​ള​ർ​ച്ച​യാ​ണ് മ​ക്ക​ൾ എ​ന്ന പ​ദ​വി​യു​ടെ യോ​ഗ്യ​ത. നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ നി​ങ്ങ​ൾ വാ​യി​ച്ചു​തീ​ർ​ന്ന ന​ല്ല പു​സ്ത​ക​ങ്ങ​ളാ​ക​ട്ടെ. ആ ​ജീ​വി​ത​ക​ഥ​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ക​ട്ടെ നി​ങ്ങ​ളു​ടെ ജീ​വി​തം.

സ്നേ​ഹ​ത്തോ​ടെ,

സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Up